ഐ ടി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
   Latest Updates

Published on : April 16, 2015

ഐ ടി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് എന്ന ഐ ടി സ്ഥാപനത്തില്‍ നിന്നും 8 വര്‍ഷത്തിലധികം കമ്പനിയുടെ ഉയര്‍ച്ചക്കായി രാപകലില്ലാതെ ജോലി ചെയ്ത് വന്നിരുന്ന ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ നിലവിലുള്ള എല്ലാ തൊഴില്‍നിയമങ്ങളും വകവെക്കാതെ പിരിച്ചുവിട്ടിരിക്കുകയാണ്. കൂടുതല്‍ പേരെ പിരിച്ചു വിടുന്നതിന് 1400 ജീവനക്കാരെ ബഞ്ചിലിരുത്തിയിരുന്നു. സംഘടനയുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് തല്‍ക്കാലം ഈ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടര്‍ന്ന് ജീവനക്കാരെ പിരിച്ച് വിടരുതെന്നും പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അസ്സോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ് (സി ഐ ടി യു) ശക്തമായ സമരത്തിലേക്ക് പോവുകയാണ്.
ജനുവരി 22 ന് ജൂനിയര്‍ ലേബര്‍ കമ്മീഷ്ണറുടെ സാന്നിദ്ധ്യത്തില്‍ ടി സി എസ് മാനേജ്‌മെന്റുമായി ചര്‍ച്ച വച്ചിരുന്നതാണ്. സംഘടനയുടെ ഭാഗത്ത്‌നിന്നും ചര്‍ച്ചക്ക് തയ്യാറാവുകയും പങ്കെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ടിസിഎസ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് വരാതെ ലേബര്‍കമ്മീഷ്ണര്‍ക്ക് രേഖാമൂലം കത്ത് നല്‍കുകയാണ് ചെയ്തത്. കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് തൊഴിലാളി സംഘടനയുമായി ടിസിഎസ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറില്ലെന്നും കമ്പനിയുടെ സധാരണ നടപടി എന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് കുറഞ്ഞ ജീവനക്കാരെയാണ് പിരിച്ച്‌വിട്ടതെന്നും അത് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നവരും കൂടാതെ ആകെ പിരിച്ചുവിട്ടത് 2 ശതമാനം ജീവനക്കാരെ മാത്രമാണ് എന്നുമാണ്.
പൊതുജനത്തിനെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്ന കള്ള പ്രസ്ഥാവനകളാണ് ടിസിഎസ് മാനേജ്‌മെന്റ് നടത്തുന്നത്. ടിസിഎസിലുള്ള മുഴുവന്‍ ജീവനക്കാരും മാനേജര്‍മാരാണോ ? പിരിച്ചുവിടപ്പെട്ട പല ജീവനക്കാരും ഒന്നിലേറെ തവണകളില്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ ലഭിച്ചവരും കൂടാതെ എല്ലാവരും പെര്‍ഫോമന്‍സ് അലവന്‍സുകള്‍ വാങ്ങുന്നവരുമാണ്. ഇന്നലെ വരെ പെര്‍ഫോന്‍സ് ഉണ്ടായിരുന്ന ജീവനക്കാരന് പെട്ടെന്ന് ഒരു ദിവസം അവരുടെ പെര്‍ഫോമന്‍സ് കുറയുന്നതെങ്ങിനെയാണ്. ഏത് രീതിയിലാണ് പെര്‍ഫോമന്‍സ് തീരുമാനിക്കുന്നത്. ഇതെല്ലാം കള്ളത്തരങ്ങളാണ്. ടിസിഎസ് ആണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും ലാഭമുള്ള കമ്പനി. അപ്പോള്‍ കമ്പനി നഷ്ടത്തിലായത് കൊണ്ടും അല്ല. വര്‍ഷങ്ങളായി പണിയെടുക്കുന്നവരെ പിരിച്ചുവിട്ട് കുറഞ്ഞവേതനത്തിന് പുതിയ ജീവനക്കാരെ എടുത്ത് കമ്പനിയുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനാണ് ടിസിഎസ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട്‌പോകുന്നത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ പല ആവശ്യങ്ങള്‍ക്കായി എടുത്ത ലോണുകള്‍ തിരിച്ചടക്കുവാന്‍ പറ്റാതെയും തുടര്‍ജീവിതത്തിന് മാര്‍ഗങ്ങളില്ലാതെയും ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. വിവാഹം നിശ്ചയിച്ച ചിലരുടെ വിവാഹം മുടങ്ങി. മാനേജമെന്റ് നടത്തുന്ന കള്ളത്തരം പുറത്തുകൊണ്ടുവരുന്നതിനാണ് പിരിച്ച് വിടപ്പെട്ട ജീവനക്കാരെ പങ്കെടുപ്പിച്ച് അവരുടെ മുഖം മറച്ചുകൊണ്ട് ഈ പത്രസമ്മേളനം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ തീര്‍ച്ചയായും അവരുടെ ജീവിതം പണയം വച്ചുകൊണ്ടാണ് പങ്കെടുക്കുന്നത്.  ഐടി മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിനും തൊഴില്‍സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് രാജ്യം നേരിടുവാന്‍ പോകുന്ന വലിയ ഒരു ദുരന്തത്തിനു മുന്നില്‍ കണ്ണടച്ചിരിക്കുവാന്‍ കഴിയില്ല എന്നതുകൊണ്ടാണ് അവരെ ഇതില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്.
ടി സി എസ് മാനേജ്‌മെന്റിന്റെ തെറ്റായ നടപടിക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും വാങ്ങി യുവാക്കള്‍ക്ക് തൊഴില്‍നല്‍കും എന്ന ഉറപ്പും നല്‍കിയാണ് ടിസിഎസ് പോലുള്ള കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. പിരിച്ചുവിടപ്പെട്ട തൊഴിലാളികളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് തൊഴില്‍ മന്ത്രി ശ്രീ ഷിബു ബേബിജോണിന് രേഖാമൂലം പരാതി നല്‍കിയതാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അല്ലെങ്കില്‍ യുവാക്കളുടെ ആത്മഹത്യക്ക് സര്‍ക്കാരും മറുപടി പറയേണ്ടിവരും. അസ്സോസിയേഷന്‍ ടിസിഎസ് മാനേജ്‌മെന്റുമായി ചര്‍ച്ചക്ക് തയ്യാറാണ്. ഫെബ്രുവരി 5 ന് ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് ലേബര്‍കമ്മീഷ്ണര്‍ രേഖാമൂലം ടിസിഎസ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചക്ക് മാനേജ്‌മെന്റിനെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഇടപെടണം.
പിരിച്ചുവിടുന്നത് നിര്‍ത്തിവെക്കണമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 6 ന് വൈകീട്ട് 5 മണിക്ക് പിരിച്ച്‌വിടപ്പെട്ട തൊഴിലാളികളെ അവരുടെ മുഖം മറച്ച് പങ്കെടുപ്പിച്ച് കൊണ്ട് ധര്‍ണ്ണ സമരം നടത്തുകയാണ്.തൊഴില്‍ നീതിക്ക് വേണ്ടി നടത്തുന്ന ഈ ധര്‍ണ്ണ സമരത്തിന് യുവാക്കളുടെ കൂട്ട ആത്മഹത്യ ആഗ്രഹിക്കാത്ത, യുവജനങ്ങളെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പത്രസമ്മേളനത്തില്‍ അസ്സോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് കെ ജെ ജേക്കബ്ബ്, ജില്ലാസെക്രട്ടറി  ആര്‍ രതീഷ്, പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 
Back

 

 

Comment with Facebook


Untitled Document