പിരിച്ചുവിട്ട ടിസിഎസ് ജീവനക്കാരെ തിരിച്ചെടുക്കുക.. മുഖം മൂടി പ്രതിഷേധവുമായി ഐടി തൊഴിലാളികള്‍
   Latest Updates

Published on : April 16, 2015

പിരിച്ചുവിട്ട ടിസിഎസ് ജീവനക്കാരെ തിരിച്ചെടുക്കുക..
മുഖം മൂടി പ്രതിഷേധവുമായി ഐടി തൊഴിലാളികള്‍

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന ജീവനക്കാരെ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളില്‍ ഒന്നുപോലും പാലിക്കാതെ പിരിച്ചുവിടുകയാണ്. പിരിച്ചുവിടലിനെതിരെ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ക്ക് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് തവണ ചര്‍ച്ചക്ക് ക്ഷണിച്ചതാണ്. എന്നാല്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്ന ധിക്കാരപരമായ സമീപനമാണ് മാനേജ്‌മെന്റ് എടുക്കുന്നത്. ചര്‍ച്ചക്ക് തയ്യാറാകണമെന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെടുത്തുകയാണ്. പിരിച്ചുവിടപ്പെട്ട തൊഴിലാളികളും അവിടെ ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രതിനിധികളും വൈകിട്ട് അഞ്ച് മണിക്ക് ധര്‍ണ സമരം നടത്തി. ടിസിഎസ് സിഇഒ എന്‍ ചന്ദ്രയുടെ മുഖംമൂടി അണിഞ്ഞ ജീവനക്കാര്‍ ഇന്‍ഫോപാര്‍ക്കിന് മുന്നിലേക്ക് പ്രകടനം നടത്തി. ഗേറ്റില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ധര്‍ണ്ണ സമരം ആരംഭിച്ചു.
സമരം സിപിഐ എം ജില്ലാസെക്രട്ടറി പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് എറണാകുളം ജില്ല പ്രസിഡന്റ് കെ ജെ ജേക്കബ് അധ്യക്ഷനായി. സിപിഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍, അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍, എന്‍ ജി ഒ യീണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കബീര്‍, എം എം നാസര്‍, പി എ സുഗതന്‍,  അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് എറണാകുളം ജില്ലാ സെക്രട്ടറി ആര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു.
എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്  ടിസിഎസ് മാനേജ്‌മെന്റ് വിവിധ കോളേജുകളില്‍ ക്യാമ്പസ് സെലക്ഷന്‍ നടത്തി ഏറ്റവും നല്ല മാര്‍ക്കോടുകൂടി പഠനം പൂര്‍ത്തിയാക്കിയും രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരുന്നതുമായ  എന്‍ജിനിയര്‍മാരെയാണ് ഇന്ന് ഒരു തൊഴില്‍ നിയമവും പാലിക്കാതെ സമൂഹത്തിന്റെ തൊഴിലില്ലാപടയിലേക്ക് തള്ളിവിടുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ പറഞ്ഞു.

 
Back

 

 

Comment with Facebook


Untitled Document